ക്രിമിനല് കേസില് ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പില് മത്സരിപ്പിക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്

22/11/2013


ഡല്ഹി :- ജയിലിലും പോലീസ് കസ്റ്റഡിയിലും കഴിയുന്നവര്ക്ക് തെരഞ്ഞെടുപ്പില് മത്സരിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. ഗുരുതരമായ കുറ്റകൃത്യങ്ങള് ചെയ്ത് അഞ്ച് വര്ഷത്തിലധികം ജയില് ശിക്ഷ അനുഭവിക്കുന്നവരെ തെരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്നും വിലക്കണമെന്ന ഹര്ജിയില് സുപ്രീംകോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷന്റെ നിര്ദേശം.

അതേസമയം തെരഞ്ഞെടുപ്പിന് ആറു മാസം മുന്പ് രജിസ്റ്റര് ചെയ്ത് കുറ്റപത്രം സമര്പ്പിച്ച കേസുകളില് മാത്രമെ വിലക്ക് ബാധകമാക്കാവു എന്നും കമ്മീഷന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെടാതെ ജയിലില് കഴിയുന്നവര്ക്കു തെരഞ്ഞെടുപ്പില് മത്സരിക്കാമെന്ന ജനപ്രാതിനിധ്യനിയമത്തില് കേന്ദ്രസര്ക്കാര് വരുത്തിയ ഭേദഗതി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജയിലിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്നവര്ക്കു മത്സരിക്കാനാകില്ലെന്ന വിധിക്കെതിരെയാണ് കേന്ദ്രസര്ക്കാര് ഭേദഗതി വരുത്തിയത്.

ഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന് എന്ന എന്ജിഒ സമര്പ്പിച്ച പൊതു താല്പര്യ ഹര്ജിയില് വാദം കേള്ക്കുന്നതിനിടെയാണ് ഉത്തരവിനെതിരെ എതിര്പ്പുണ്ടെങ്കില് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം സമര്പ്പിക്കാന് ആവശ്യപ്പെട്ടത്. ക്രിമിനല് കുറ്റത്തിന് ജയില് ശിക്ഷ അനുഭവിക്കുന്നവരെ തെരഞ്ഞെടുപ്പില് മത്സരിക്കാന് അനുവദിക്കരുതെന്ന് ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിലെ നിര്ദ്ദേശങ്ങളോട് കേന്ദ്രസര്ക്കാരും നിയമ മന്ത്രാലയവും അനുകൂല നിലപാടെടുക്കാന് തയാറായിട്ടില്ല.

കഴിഞ്ഞ ജുലൈ മാസം മുതല് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിരവധി ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്നുള്ള വിധിയും ഇതില് ഉള്പ്പെടുന്നു. ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് കമ്മീഷന്റെ സത്യവാങ്മൂലം പരിഗണിക്കുക.

( കടപ്പാട് :- kvartha )

No comments: