ഉസാമയുടെ കുടുംബത്തെ പാകിസ്താന്‍ നാടുകടത്തി
Posted on: 28 Apr 2012

ഇസ്‌ലാമാബാദ്: അമേരിക്ക വധിച്ച അല്‍ ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ കുടുംബത്തെ പാകിസ്താന്‍ സൗദിഅറേബ്യയിലേക്ക് നാടുകടത്തി.


മൂന്ന് ഭാര്യമാരെയും ഏഴ് മക്കളെയും നാല് പേരക്കുട്ടികളെയും വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് പ്രത്യേക വിമാനത്തില്‍ സൗദി അറേബ്യയിലേക്കയച്ചത്.


ഉസാമ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നാടുകടത്തല്‍. ഇസ്‌ലാമാബാദിലെ വീട്ടില്‍ നിന്ന് വെള്ള മിനിബസ്സിലാണ് ഇവരെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യംമൂലം ബസ്സിലേക്ക് കയറാന്‍ വിസമ്മതിച്ച സ്ത്രീകളെ പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ചാണ് സുരക്ഷാഭടന്മാര്‍ വണ്ടിയിലെത്തിച്ചത്.


വടക്കു പടിഞ്ഞാറന്‍ പാകിസ്താന്‍ പട്ടണമായ ആബട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞ ഉസാമയെ കഴിഞ്ഞ വര്‍ഷം മെയ് രണ്ടിനാണ് യു.എസ്. പ്രത്യേകസേന വധിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു. രണ്ട് ഭാര്യമാരെയും മൂത്ത രണ്ട് മക്കളെയും അനധികൃതമായി പാകിസ്താനില്‍ കഴിയുന്നെന്ന കുറ്റം ചുമത്തി പിന്നീട് തടവിലാക്കി. ഇസ്‌ലാമാബാദിലെ വീട്ടിലായിരുന്നു ഇവര്‍കഴിഞ്ഞത്. 45 ദിവസത്തെ തടവുശിക്ഷ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായി.


സബ്ജയിലായി പ്രഖ്യാപിച്ച ഈ വീട്ടിലാണ് മറ്റ് കുടുംബാംഗങ്ങളും കഴിഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിനായിരുന്നു കുടുംബത്തിന്റെ സംരക്ഷണച്ചുമതല. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഉസാമ കുടുംബത്തിലെ 14 പേരെയും നാടുകടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കുടുംബത്തിന്റെ താത്പര്യപ്രകാരമാണ് സൗദി അറേബ്യയിലേക്ക് അയയ്ക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.


ഉസാമയുടെ ആദ്യ രണ്ട് ഭാര്യമാരും സൗദി അറേബ്യക്കാരാണ്. മൂന്നാമത്തെ ഭാര്യ അമല്‍ അബ്ദുള്‍ഫത്ത യെമന്‍കാരിയും. ഇവര്‍ സൗദിയില്‍ നിന്ന് യെമനിലേക്ക് പോകുമെന്നാണ് കരുതുന്നത്.


പത്തുവര്‍ഷത്തോളം താവളങ്ങള്‍ മാറിമാറിക്കഴിഞ്ഞ ഉസാമ ഒടുവില്‍ ആബട്ടാബാദിലെത്തിയതും അവിടെ അദ്ദേഹത്തിന് ആരാണ് സഹായം നല്‍കിയിരുന്നത് എന്ന വിവരവും ഇനി ഇവര്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിസായ ഐ.എസ്.ഐ.യാണ് ലാദന് രഹസ്യതാവളം ഒരുക്കിയതെന്നാണ് കരുതുന്നത്.

No comments: