കടലില്‍നിന്ന് രക്ഷപ്പെട്ടു; കരയില്‍നിന്ന് രക്ഷപ്പെടാന്‍ നാലുലക്ഷം ചെലവാക്കണം

ബേപ്പൂര്‍: യന്ത്രത്തകരാര്‍മൂലം നടുക്കടലില്‍ കുടുങ്ങിപ്പോയ ഉരുവിനെയും അതിലെ എട്ട് ജീവനക്കാരെയും രക്ഷപ്പെടുത്തിയതിന് ചെലവായ തുക അടയ്ക്കാന്‍ ഉത്തരവ്. രക്ഷകരായ കോസ്റ്റ്ഗാര്‍ഡ് കപ്പലിന്റെയും കപ്പല്‍ജീവനക്കാരുടെയും വീണ്ടെടുക്കല്‍ ചെലവായ 4,13,655 രൂപ കേന്ദ്രപ്രതിരോധവകുപ്പില്‍ അടയ്ക്കാന്‍ ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍കമാന്‍ഡന്റാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജനവരി എട്ടിന് ബേപ്പൂര്‍ തുറമുഖത്തുനിന്ന് നിറയെ ചരക്കുമായി മിനിക്കോയ് ദ്വീപിലേക്ക് പുറപ്പെട്ട 'എം.എസ്.വി. മിസിയ' എന്ന യന്ത്രവത്കൃത ഉരുവാണ് ജനവരി 9ന് രാത്രി എന്‍ജിന്‍ തകരാര്‍മൂലം കലേ്പനി ദ്വീപില്‍നിന്ന് 62 നോട്ടിക്കല്‍മൈല്‍ അകലെ നിയന്ത്രണംവിട്ടത്. കോസ്റ്റ്ഗാര്‍ഡ് കപ്പലായ 'അദീക്' പട്രോളിങ്ങിനിടയില്‍ 'എം.സി.വി. മിസിയ'യുടെ രക്ഷയ്‌ക്കെത്തുകയും ജനവരി 11 ശനിയാഴ്ച രാവിലെ ബേപ്പൂര്‍ തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവരികയുമായിരുന്നു. 'എം.എസ്.വി. മിസിയ'യുടെ ബേപ്പൂരിലെ ഏജന്റായ സുദര്‍ശന്‍ ഉരുവിന്റെ ഉടമസ്ഥര്‍ക്കുവേണ്ടി കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചിയിലെ കമാന്‍ഡര്‍ക്ക് ഉരുവിന്റെ വീണ്ടെടുക്കല്‍ചെലവ് നല്‍കാമെന്ന് ജനവരി 10ന് അയച്ച കത്തില്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 4,13,655 രൂപ വരുന്ന കാപ്പിറ്റേഷന്‍ ഫീസ് വസൂലാക്കാന്‍ തീരുമാനിച്ചത്. ഉരുവിനെയും ജീവനക്കാരെയും വീണ്ടെടുത്ത കോസ്റ്റ്ഗാര്‍ഡ് കപ്പലായ 'അദീകി'ലെ ജീവനക്കാര്‍ രണ്ടുദിവസംവരെ ജോലിചെയ്തതിനുള്ള ശമ്പളച്ചെലവായ 44,393 രൂപ, മറ്റ് ചെലവുകളായ 1,16,309-66 രൂപ, എസ്റ്റാബ്ലിഷ്‌മെന്റ്-അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകളായ 8876-80 രൂപ, കോസ്റ്റ്ഗാര്‍ഡ് കപ്പലിലെ ഉദ്യോഗസ്ഥരുടെ ചെലവായ 86,663-88 രൂപ, ഇന്ധനച്ചെലവായ 1,57,410 രൂപ എന്നിവ ഉള്‍പ്പെടെ 4,13,655 രൂപ അഞ്ചുദിവസത്തിനകം പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ടില്‍ അടയ്ക്കണമെന്നാണ് ഉരുവിന്റെ ഏജന്റ് സുദര്‍ശനനോട് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍കമാന്‍ഡന്റ് എം. വെങ്കടേശന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ തുക അടയ്ക്കാത്തപക്ഷം 18 ശതമാനം പലിശ ഈടാക്കും. പണമടച്ച രേഖകള്‍ കോസ്റ്റ്ഗാര്‍ഡ് കൈപ്പറ്റിയ ശേഷമേ തുറമുഖം വിടാന്‍ ഉരുവിന് അനുമതി നല്‍കുകയുള്ളൂ. ഉരുവിലെ ജീവനക്കാരായ ജെ. മില്‍ട്ടണ്‍, സാന്‍ഗ്രോ, സൂസണ്‍, ആന്‍േറാ, മൈക്കിള്‍, തൊമ്മെയ്, ദയാലന്‍, ഇ.മില്‍ട്ടണ്‍ എന്നിവര്‍ വീണ്ടെടുക്കല്‍ചെലവ് അടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ ബേപ്പൂര്‍തുറമുഖത്ത് കുടങ്ങിക്കിടപ്പാണ്. ഇവര്‍ തൂത്തുക്കുടി സ്വദേശികളാണ്. ഉരുവിന്റെ തകരാറായ എന്‍ജിന്‍ നന്നാക്കി യാത്രക്കാര്‍ ഉരുവിലെ ചരക്കുകളോടെ മിനിക്കോയ് ദ്വീപിലേക്ക് യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. കടലില്‍ നിന്ന് രക്ഷപ്പെട്ട ഉരുവിന് ഇപ്പോള്‍ കരയിലാണ് 'രക്ഷ'യില്ലാതായിരിക്കുന്നത്. കടലില്‍ അപകടത്തിലായി കുടുങ്ങിപ്പോകുന്ന കപ്പലുകളെയോ, മറ്റ് വെസ്സലുകളെയോ കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയാല്‍ കോസ്റ്റ്ഗാര്‍ഡിന് കാപ്പിറ്റേഷന്‍ ഫീ നല്‍കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണ്. വീണ്ടെടുക്കല്‍ചെലവ് ഒഴിവാക്കിക്കിട്ടാന്‍ സമ്മര്‍ദം പല കോണുകളില്‍നിന്നും കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷനില്‍ വരുന്നുണ്ടെങ്കിലും അവര്‍ നിസ്സഹായരാണ്. രാജ്യരക്ഷാ മന്ത്രാലയത്തിനുമാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാന്‍ പറ്റുകയുള്ളൂ

No comments: