എസ്.എം. കൃഷ്ണ രാജിവെച്ചു 
ന്യൂഡല്‍ഹി: ഞായറാഴ്ച കേന്ദ്ര മന്ത്രിസഭാപുനഃസംഘടന നടക്കാനിരിക്കെ, വെള്ളിയാഴ്ച വൈകിട്ട് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ രാജി നല്‍കി. ഇതോടെ വിദേശമന്ത്രിസ്ഥാനത്ത് പുതുമുഖം വരുമെന്നുറപ്പായി.പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പുനഃസംഘടന 'സ്വതന്ത്രമായി' നടത്താന്‍ അരങ്ങൊരുക്കുകയാണ് മന്ത്രി ചെയ്തതെന്ന് കൃഷ്ണയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, കൃഷ്ണയ്‌ക്കെതിരെ പ്രഖ്യാപിച്ച ലോകായുക്ത അന്വേഷണമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കൃഷ്ണ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. 2009-ലാണ് അദ്ദേഹം വിദേശമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

കൃഷ്ണ, മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ, ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്.ഡി. ദേവഗൗഡ എന്നിവരുള്‍പ്പെടെ 30 പേര്‍ക്കെതിരെ ഭൂമി ഇടപാട് കേസില്‍ പ്രഥമവിവരറിപ്പോര്‍ട്ട് നല്‍കാനാണ് ലോകായുക്ത കോടതിയുടെ നിര്‍ദേശം. മൈസൂര്‍-ബാംഗ്‌ളൂര്‍ എക്‌സ്​പ്രസ് ഹൈവേക്കുവേണ്ടി കൃഷിക്കാരുടെ ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടായെന്നാണ് ആരോപണം. സാമൂഹികപ്രവര്‍ത്തകനും മലയാളിയുമായ ടി.ജെ. ഏബ്രഹാമാണ് സ്വകാര്യപരാതി നല്‍കിയത്.

അതേസമയം, സ്‌പെയിനിലെ രാജാവ് ജുവാന്‍ കാര്‍ലോസ് ഒന്നാമന്‍ ഇന്ത്യയിലുള്ളപ്പോഴാണ് കൃഷ്ണ രാജിക്കത്ത് നല്‍കിയതെന്നത് സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ശനിയാഴ്ചകൂടി കൃഷ്ണ തത്സ്ഥാനത്ത് തുടരാനാണിട.
ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ കൃഷ്ണയെ ഒഴിവാക്കിയേക്കുമെന്ന് ചില കേന്ദ്രങ്ങള്‍ നേരത്തേ തന്നെ പ്രചരിപ്പിച്ചിരുന്നു. പിന്നീടാണ് ലോകായുക്തയുടെ ഉത്തരവ് വന്നത്. ഇതോടെ കൃഷ്ണയ്ക്ക് രാജി നല്‍കുകയല്ലാതെ നിവൃത്തിയില്ലാത്ത അവസ്ഥ വന്നു.

നേരത്തേ വിംബിള്‍ഡണില്‍ ടെന്നീസ് കാണാന്‍ കൃഷ്ണ പോയത് ഉന്നതവൃത്തങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിദേശമന്ത്രിയായി ചുമതലയേറ്റയുടന്‍ പാക് യാത്രയില്‍, പാക് വിദേശകാര്യമന്ത്രിയോട് സംസാരിക്കവേ കൃഷ്ണ കൂടെക്കൂടെ ഫോണില്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടതും വിമര്‍ശമുയര്‍ത്തിയിരുന്നു. യു.എന്നിലെ യോഗത്തില്‍ പോര്‍ച്ചുഗീസ് വിദേശമന്ത്രിക്കുവേണ്ടി തയ്യാറാക്കിയ പ്രസംഗം തെറ്റിവായിച്ച ചരിത്രവും കൃഷ്ണയ്ക്കുണ്ട്. എന്നാല്‍ പൊതുവേ, ശാന്തനും മാന്യനുമായ കൃഷ്ണയെ
പൂര്‍ണമായി തഴയാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നാണ് സൂചന.

കര്‍ണാടകരാഷ്ട്രീയത്തിലേക്ക് കൃഷ്ണമടങ്ങിയെത്താനാണ് സാധ്യത. '99 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അടുത്ത മെയിലാണ് കര്‍ണാടക തിരഞ്ഞെടുപ്പ്

No comments: