19/11/2013


ബേപ്പൂര് :- ലക്ഷദ്വീപിലേക്ക് യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന മൂന്ന് യാത്രക്കപ്പലുകള് ഹര്ത്താല്ദിവസം ബേപ്പൂര് തുറമുഖത്ത് കുടുങ്ങി. ലക്ഷദ്വീപില്നിന്ന് ഞായറാഴ്ച എത്തിയ അതിവേഗ യാത്രക്കപ്പല് 'വലിയപാനി', തിങ്കളാഴ്ച എത്തിയ 'എം.വി. അമിന്ദിവി', 'എം.വി. മിനിക്കോയ്' എന്നിവയാണ് ബേപ്പൂര് തുറമുഖത്ത് കുടുങ്ങിയത്. ഹജ്ജ്കര്മം കഴിഞ്ഞ് കരിപ്പൂര് വിമാനത്താവളത്തില് തിരിച്ചെത്തിയ യാത്രക്കാരെ കൊണ്ടുപോകാനാണ് മൂന്ന് കപ്പലുകളും ബേപ്പൂരിലെത്തിയത്. ഹര്ത്താല് തുടങ്ങിയതോടെ കരിപ്പൂരില്നിന്നുള്ള ഹജ്ജ് തീര്ഥാടകര്ക്ക് ബേപ്പൂര് തുറമുഖത്തെത്താനായില്ല.

മണിപ്പാല് ആസ്​ പത്രിയില് അടിയന്തരമായി ചികിത്സയ്ക്കായി മകന് സുലൈമാനോടൊപ്പം കപ്പലിലെത്തിയ കില്ത്താന് സ്വദേശിനി നഫീസയെ എസ്.ഐ. കെ.കെ. ഉബൈദത്തും വനിതാ സിവില് പോലീസ് ഓഫീസര് ഷിജിയും കോഴിക്കോട് റെയില്വേ സ്റ്റേഷനില് എത്തിച്ചു. തീവണ്ടിയില് ഇവര് മംഗലാപുരത്തേക്കുപോയി. മൂന്ന് കപ്പലുകളിലായി ബേപ്പൂര് തുറമുഖത്തെത്തിയ യാത്രക്കാരെല്ലാം ബേപ്പൂരിലെ ലോഡ്ജുകളിലും സുഹൃത്തുക്കളുടെ വീടുകളിലും തങ്ങി. ദ്വീപിലേക്ക് യാത്രതിരിക്കേണ്ട ഹജ്ജ് തീര്ഥാടകര്ക്കും മറ്റ് യാത്രക്കാര്ക്കും ഇനി ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ദ്വീപിലേക്ക് തിരിക്കുന്ന കപ്പലുകളിലേ യാത്രചെയ്യാന് കഴിയൂ.

ബേപ്പൂര് തുറമുഖത്ത് തൊഴിലാളികള് ആരും ജോലിക്കെത്തിയില്ല. തുറമുഖ ഓഫീസും ഹൈഡ്രോ ട്രാഫിക് സര്വേ ഓഫീസും ലക്ഷദ്വീപ് കോ- ഓപ്പറേറ്റീവ് മാര്ക്കറ്റിങ് ഫെഡറേഷന് കാര്യാലയവും പ്രവര്ത്തിച്ചുവെങ്കിലും ഹാജര്നില ഭാഗികമായിരുന്നു. കോസ്റ്റ്ഗാര്ഡ്, കസ്റ്റംസ്, ഫിഷറീസ് കാര്യാലയങ്ങള് തുറന്നുപ്രവര്ത്തിച്ചു. സംസ്ഥാന സര്ക്കാര് ഓഫീസുകളിലും ഹാജര് കുറവായിരുന്നു.

No comments: