പ്രതിരോധസേന പൂര്‍ണസജ്ജമെന്ന് ആന്റണി






ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധത്തിലെ ടാങ്ക് സേന അപര്യാപ്തമാണെന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. എല്ലാ കാലത്തും ചില കുറവുകള്‍ സേനയിലുണ്ടാകും. എന്നാല്‍ പഴയ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സേന കൂടുതല്‍ കരുത്തുറ്റതാണ്. മറ്റെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. ഏതു സാഹചര്യം നേരിടാനും രാജ്യം സുസജ്ജമാണ്- അദ്ദേഹം പറഞ്ഞു.
രണ്ടുദിവസം നീളുന്ന വ്യോമസേനാ കമാന്‍ഡര്‍ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുദിവസം ഉപയോഗിക്കാനുള്ള വെടിക്കോപ്പുകളേ ഇന്ത്യന്‍ സേനയുടെ സായുധ റെജിമെന്റുകളിലുള്ളൂ എന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
എപ്പോഴും ചില അപര്യാപ്തതകള്‍ ഉണ്ടാകും. അത് പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എല്ലാ ആവശ്യങ്ങളും നൂറുശതമാനം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാന്‍ പാടില്ല- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ആയുധങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് കരസേനാ മേധാവി വി.കെ. സിങ് അയച്ച കത്ത് പരസ്യമായതിനെത്തുടര്‍ന്നാണ് സേനയുടെ ആയുധശേഖരത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നത്. ഇതേക്കുറിച്ച് വിശദാംശങ്ങള്‍ ആരായാന്‍ പാര്‍ലമെന്റിന്റെ പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി മൂന്ന് സേനാമേധാവികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ ഒരുക്കങ്ങള്‍ വിശദീകരിക്കാനാണ് സേനാമേധാവികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രി തയ്യാറായില്ല. 'ഇക്കാര്യങ്ങള്‍ ഞാനല്ല നിശ്ചയിക്കുന്നത്. ഇത് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിധിയില്‍പെടുന്ന കാര്യങ്ങളാണ്''-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വ്യോമസേന നടത്തിയ സംഭരണത്തില്‍ പ്രതിരോധമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. 1.11 ലക്ഷം കോടി രൂപയ്ക്കുള്ള സംഭരണമാണ് ഇക്കാലത്ത് വ്യോമസേന നടത്തിയത്. നമ്മുടെ സായുധ ഒരുക്കങ്ങളെ ക്കുറിച്ച് പൂര്‍ണമായ ആത്മവിശ്വാസം രാജ്യത്തിനുണ്ട്. പുതിയ പല തയ്യാറെടുപ്പുകളും നാം നടത്തുന്നുണ്ട്. അതെല്ലാം സമീപഭാവിയില്‍ത്തന്നെ നടപ്പില്‍ വരും-ആന്റണി പറഞ്ഞു. ഇന്ത്യ വാങ്ങിയ മിറാഷ് 2000 എന്ന ഫൈറ്റര്‍ വിമാനങ്ങള്‍ സംബന്ധിച്ച പ്രശ്‌നം കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും

No comments: