മിന്നല്‍ സമരം: കപ്പല്‍ പുറപ്പെടാന്‍ വൈകി
ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്ത് നിന്ന് വിമാന ഇന്ധനം, ഡീസല്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കയറ്റി തുറമുഖം വിടാന്‍ അധികൃതര്‍ അനുമതി നല്‍കിയ ചരക്കുകപ്പലായ 'എം.വി. തിനക്കര' മിന്നല്‍ സമരത്തെ തുടര്‍ന്ന് തുറമുഖം വിടാന്‍ ഒരുദിവസം വൈകി.

പത്തുദിവസം മുമ്പ് ബേപ്പൂര്‍ തുറമുഖത്ത് ലക്ഷദ്വീപില്‍ നിന്നെത്തിയ ഈ കപ്പലിലെ ഓഫീസര്‍മാര്‍ നടത്തിവന്ന അനിശ്ചിതപണിമുടക്ക് അവസാനിച്ചശേഷം, ചരക്കുമായി ലക്ഷദ്വീപിലേക്ക് പുറപ്പെടാനിരിക്കെയാണ് വീണ്ടും ഒരു പകല്‍ മുഴുവന്‍ മിന്നല്‍ പണിമുടക്ക് നടന്നത്.

കഴിഞ്ഞദിവസം, കപ്പല്‍ ഓഫീസര്‍മാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പായപ്പോള്‍ കൊച്ചി തുറമുഖത്തുനിന്ന് ദ്വീപിലേക്ക് എഴുനൂറില്‍പ്പരം യാത്രക്കാരുമായി 'കവറത്തി' എന്ന കപ്പല്‍ പുറപ്പെടാനിരിക്കെ അതില്‍ ജോലിക്ക് കയറാന്‍ ചെന്ന ചീഫ് എന്‍ജിനീയറേയും റേഡിയോ ഓഫീസറേയും 'കവറത്തി' കപ്പലിലെ ദ്വീപ് ജീവനക്കാര്‍ തടഞ്ഞിരുന്നു. നേരത്തേ കപ്പലില്‍വെച്ച് തങ്ങളോട് മോശമായി പെരുമാറി എന്നതിനാലായിരുന്നുവത്രെ ജീവനക്കാര്‍ ഓഫീസര്‍മാരെ ജോലിക്ക് കയറാന്‍ അനുവദിക്കാതിരുന്നത്. ഒടുവില്‍ ഈ രണ്ട് ഓഫീസര്‍മാരേയും ഒഴിവാക്കിയ ശേഷം 'കവറത്തി' കപ്പല്‍ ലക്ഷദ്വീപിലേക്ക് പുറപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച ബേപ്പൂര്‍ തുറമുഖത്ത് ചരക്കുകയറ്റി ദ്വീപിലേക്ക് പുറപ്പെടാനിരുന്ന 'എം.വി. തിനക്കര' എന്ന കപ്പലിലെ ഓഫീസര്‍മാര്‍ പണിമുടക്കിയത്.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഏബ്രഹാം വി. കുര്യാക്കോസ് എത്തി കപ്പല്‍ സര്‍വേ ചെയ്യുകയും കപ്പല്‍ വിടാന്‍ ക്ലിയറന്‍സ് നല്‍കുകയും ചെയ്തിരുന്നു. പക്ഷേ കപ്പലിലെ ഓഫീസര്‍മാര്‍ മിന്നല്‍ പണിമുടക്ക് തുടരുകയായിരുന്നു.

വിമാന ഇന്ധനവും ഡീസലും മറ്റും കയറ്റിയാല്‍ കപ്പല്‍ ഉടന്‍ തുറമുഖം വിടണമെന്നാണ് വ്യവസ്ഥ. ഈ കപ്പലില്‍ 1200 ബാരല്‍ ഡീസലും 120 ബാരല്‍ എ.ടി.എഫ്. (വിമാന ഇന്ധനം), 300 ടണ്‍ നിത്യോപയോഗ സാധനങ്ങളും, 12 ടണ്‍ പച്ചക്കറിയുമാണ് കയറ്റിയത്.

ചരക്കുകയറ്റിയ കപ്പല്‍ തുറമുഖം വിടാത്ത സംഭവത്തെ തുടര്‍ന്ന് പോര്‍ട്ട് ഓഫീസര്‍ ക്യാ.എബ്രഹാം വി. കുര്യാക്കോസിന്റെ സാന്നിധ്യത്തില്‍ കപ്പല്‍ക്യാപ്റ്റന്‍ വേണുകുമാറുമായി ലക്ഷദ്വീപ് മലബാര്‍ വെല്‍ഫേര്‍ സെന്റര്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം.കെ. മുത്തുകോയ, ഐ.എന്‍.ടി.യു.സി. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിഅംഗം എം.പി. പത്മനാഭന്‍, ലക്ഷദ്വീപ് എന്‍.സി.പി. ജനറല്‍ സെക്രട്ടറി പി.പി.ഹംസ എന്നിവര്‍ 'എം.വി. തിനക്കര' എന്ന കപ്പലില്‍വെച്ച് ബുധനാഴ്ച വൈകിട്ട് അനുരഞ്ജന സംഭാഷണം നടത്തി.

കൊച്ചിയിലെ സീഫെയേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വര്‍ക്കിങ് പ്രസിഡന്റ് ജോസ് ഗ്രെയിനര്‍, മര്‍ച്ചന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ ഗിരീഷ് രാജ്‌മോഹന്‍ തുടങ്ങിയവരുമായും പ്രശ്‌നം ചര്‍ച്ച ചെയ്തു. ഒടുവില്‍ കപ്പല്‍ വ്യാഴാഴ്ച രാവിലെ വേലിയേറ്റ സമയം നോക്കി ബേപ്പൂര്‍ തുറമുഖം വിടാമെന്ന് ക്യാപ്റ്റന്‍ വേണുകുമാര്‍ ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ ചീഫ് എന്‍ജിനീയര്‍ അജിത്കുമാര്‍, ചീഫ് ഓഫീസര്‍ സുനില്‍കുമാര്‍, സെക്കന്‍ഡ് എന്‍ജിനീയര്‍ ഷുബന്‍, തേഡ് എന്‍ജിനിയര്‍ വിനോദ്, ബേപ്പൂര്‍ പോര്‍ട്ട് പൈലറ്റ് ബാബു രാജ്, വാര്‍ഫ് സൂപ്പര്‍വൈസര്‍ സൂസണ്‍ തുടങ്ങിയവരും പങ്കെടുത്തു.

No comments: