മമത യു.പി.എ. വിട്ടു
Posted on: 19 Sep 2012കൊല്‍ക്കത്ത: അനിശ്ചിതത്വത്തിനും അന്ത്യശാസനങ്ങള്‍ക്കുമൊടുവില്‍ കേന്ദ്രത്തിലെ യു.പി.എ.യുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ഇതോടെ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സര്‍ക്കാര്‍ വീണ്ടും കടുത്ത പ്രതിസന്ധിയിലായി. തൃണമൂലിന്റെ ആറ് കേന്ദ്രമന്ത്രിമാരും വെള്ളിയാഴ്ച രാജിവെക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അറിയിച്ചു. വെള്ളിയാഴ്ചയ്ക്കകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തീരുമാനം പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യു.പി.എ.യിലെ രണ്ടാമത്തെ വലിയകക്ഷിയാണ് 19 എം.പി.മാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ്. ഡീസല്‍വില കൂട്ടിയതും ചില്ലറവ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചതും 72 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്ന് മമത കേന്ദ്രസര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, തീരുമാനത്തില്‍നിന്ന് പിന്നാക്കംപോകാനാവില്ലെന്ന് സര്‍ക്കാറും കോണ്‍ഗ്രസ്സും പ്രഖ്യാപിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച കൊല്‍ക്കത്ത ടൗണ്‍ഹാളില്‍ മൂന്നുമണിക്കൂര്‍നീണ്ട പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് യു.പി.എ. വിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്

No comments: