ഇന്ധന വിലവര്‍ദ്ധന ഒഴിവാക്കാനാവില്ല: ജയ്പാല്‍ റെഡ്ഡി

Published on  11 Sep 2012
ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി. ധനമന്ത്രി പി.ചിദംബരവുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതിനിടെ ചൊവ്വാഴ്ച വൈകീട്ട് ചേരാനിരുന്ന കേന്ദ്രമന്ത്രിസഭാ ഉപസമിതിയുടെ യോഗം മാറ്റിവച്ചു. യോഗത്തില്‍ ഇന്ധന വിലവര്‍ദ്ധന സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന് സൂചന ഉണ്ടായിരുന്നു.

മന്ത്രിസഭാ ഉപസമിതിയോഗം ഇനി എന്ന് ചേരുമെന്ന് തീരുമാനിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള യു.പി.എ ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ധന വിലവര്‍ദ്ധന സംബന്ധിച്ച ധാരണ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് യോഗം മാറ്റിവച്ചതെന്ന് സൂചനയുണ്ട്.

ഡീസലിന്റെയും പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ദ്ധിപ്പിക്കുന്ന വിഷയം ഉപസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്തുവെന്ന് പെട്രോളിയംമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വിലവര്‍ദ്ധന ഇന്ന് ചേരാനിരുന്ന ഉപസമിതി യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. വന്‍ പ്രതിഷേധത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള വിഷയം മന്ത്രിസഭാ ഉപസമിതിയുടെ അടുത്ത യോഗത്തിലെ ചര്‍ച്ചചെയ്യൂവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു

No comments: