യുദ്ധക്കപ്പല്‍ ബേപ്പൂരില്‍
Posted on: 26 Nov 2012
നാവികസേനയുടെ അതിവേഗ യുദ്ധക്കപ്പലായ 'ഐ.എന്‍.എസ്. കാബ്ര' ഞായറാഴ്ച രാവിലെ ബേപ്പൂര്‍ തുറമുഖത്തെത്തി. നാവിക ദിനാഘോഷത്തിന്റെ ഭാഗമായി, തീരസുരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാബ്ര എത്തിയത്. ശനിയാഴ്ച കൊല്ലം തുറമുഖം സന്ദര്‍ശിച്ച ശേഷമാണ് യുദ്ധക്കപ്പല്‍ ബേപ്പൂര്‍ക്ക് വന്നത്.

രാവിലെ ഒമ്പതിന് മുമ്പായി കപ്പല്‍ ബേപ്പൂര്‍ വാര്‍ഫില്‍ സുരക്ഷിതമായി അടുത്തു. ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കാന്‍ കാത്തുകിടന്നിരുന്ന മൂന്ന് കപ്പലുകള്‍ക്ക് വാര്‍ഫില്‍ സൗകര്യമൊരുക്കാന്‍ ഐ.എന്‍.എസ്. കാബ്ര വീണ്ടും പുറങ്കടലിലേക്ക്‌പോയി. ദ്വീപ് കപ്പലുകള്‍ വാര്‍ഫില്‍നിന്ന് പുറപ്പെട്ടതിനുശേഷമാണ് വീണ്ടും യുദ്ധക്കപ്പലിനെ പത്തുമണിയോടെ തുറമുഖത്തടുപ്പിച്ചത്.

കപ്പല്‍ തുറമുഖത്തെത്തുന്നതിന് മുമ്പായിത്തന്നെ സന്ദര്‍ശകര്‍ തുറമുഖ കവാടത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ കപ്പല്‍ കയറിക്കണ്ടു. കപ്പലിന്റെ ക്യാപ്റ്റന്‍ ലഫ്. കമാന്‍ഡര്‍ ചേതന്‍ ആര്‍. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ യുദ്ധക്കപ്പലിന്റെ പ്രത്യേകതയും പ്രവര്‍ത്തനരീതിയും സന്ദര്‍ശകര്‍ക്ക് വിവരിച്ചുകൊടുത്തു. അദ്ദേഹത്തിനു പുറമെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിഖില്‍ കിഷോര്‍, ടെക്‌നിക്കല്‍ ഓഫീസര്‍ ഹരികൃഷ്ണന്‍ എന്നിവരുള്‍പ്പെടെ നാല്പതോളം പേരാണ് എത്തിയത്.

പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ എബ്രഹാം വി. കുര്യാക്കോസ് 'ഐ.എന്‍.എസ്. കാബ്ര'യുടെ ക്യാപ്റ്റന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ചേതന്‍ ആര്‍. ഉപാധ്യായയെ സ്വീകരിച്ചു. തുറമുഖത്തെ 'അഴീക്കല്‍' ടഗ്ഗാണ് യുദ്ധക്കപ്പലിന് ബേപ്പൂര്‍ തുറമുഖത്തേക്ക് അകമ്പടി സേവിച്ചത് ടഗ്ഗ് മാസ്റ്റര്‍ സുനപ്രിയാന്‍, ജോസ്, ഡ്രൈവര്‍മാരായ ബഷീര്‍, സുനില്‍, സീമാന്മാരായ രാജേഷ്, എന്‍.പി. രാജേഷ്, സിദ്ദിക്ക്, സുമേഷ്, ദാസന്‍ എന്നിവരാണ് ടഗ്ഗില്‍ യുദ്ധക്കപ്പലിന് അകമ്പടി സേവിച്ചത്.

വാര്‍ഫ് സൂപ്പര്‍വൈസര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ തുറമുഖജീവനക്കാരായ കെ. രാജേഷ്‌കുമാര്‍, വി.എം. രാജേന്ദ്രന്‍ തുടങ്ങിയവര്‍ കപ്പലിലേക്കുകടക്കുന്ന സന്ദര്‍ശകരെ നിയന്ത്രിച്ചു. യുദ്ധക്കപ്പലിന് ബേപ്പൂര്‍ വാര്‍ഫില്‍ അനായാസം അടുക്കാന്‍വേണ്ടി ലക്ഷദ്വീപ് കപ്പലുകളായ എം.വി. അമിന്‍ദിവി, എം.വി. മിനിക്കോയ് എന്നീ കപ്പലുകളെ പോര്‍ട്ട്‌പൈലറ്റ് ബാബുരാജ് പൈലറ്റ് ചെയ്ത് പുറങ്കടലിലേക്ക് കൊണ്ടുപോയി.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ശത്രുസൈന്യത്തെ പിന്തുടരാന്‍ കഴിവുള്ള 'ഐ.എന്‍.എസ്. കാബ്ര' അത്യാധുനിക സംവിധാനങ്ങളോടെ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് കപ്പല്‍ശാലയില്‍ നിര്‍മിച്ചതാണ്. ആഴക്കടലിനുപുറമെ ആഴംകുറഞ്ഞ കടലിലൂടെയും ജലാശയത്തിലൂടെയും നീങ്ങാന്‍ കഴിയുംവിധമാണ് ഇതിന്റെ നിര്‍മാണം. ഇന്ത്യയില്‍ ആദ്യമായാണ് വാട്ടര്‍ജെറ്റോടുകൂടിയ ഇത്തരം യുദ്ധക്കപ്പല്‍ നിര്‍മിച്ചതെന്ന് 'ഐ.എന്‍.എസ്. കാബ്ര'യുടെ കമാന്‍ഡര്‍ ചേതന്‍ ആര്‍. ഉപാധ്യായ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശത്രുസൈന്യങ്ങളുടെ സാന്നിധ്യം കണ്ടെത്താനുള്ള കഴിവും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന 30 എം.എം. സി.ആര്‍.എന്‍. 91 തോക്കും കപ്പലിലുണ്ട്. മേഡക്കിലും ഭാരത് ഇലക്‌ട്രോണിക്‌സിലും നിര്‍മിക്കപ്പെട്ടവയാണിത്.

11,000 കുതിരശക്തിയുള്ള എം.ടി.യു. 16 വി. 4000 എം. 90 എന്‍ജിനുകളാണ് കപ്പലിലുള്ളത്. മാലിന്യ നിര്‍മാര്‍ജനത്തിനായി അന്താരാഷ്ട്ര മറൈന്‍ ഓര്‍ഗനൈസേഷന്റെ മലിനീകരണ നിയന്ത്രണ നിബന്ധനയില്‍ പ്രവര്‍ത്തിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആന്‍ഡമാനിലെ ഒരു ദ്വീപിന്റെ പേരാണ് കാബ്ര. ലക്ഷദ്വീപില്‍ ഉള്‍പ്പെടുന്ന കലേ്പനി എന്ന പേരുള്ള യുദ്ധക്കപ്പലായ ഐ.എന്‍.എസ്. കലേ്പനി കേരളത്തിലെ മറ്റ് തുറമുഖങ്ങളിലും ഇപ്പോള്‍ സന്ദര്‍ശനം നടത്തിവരികയാണ്. രണ്ട് കപ്പലുകളും കൊച്ചി നേവല്‍ ബേസ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 52 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും 320 ടണ്‍ കേവു ഭാരവുമാണ് ഐ.എന്‍.എസ്. കാബ്രയ്ക്കുള്ളത്. ഞായറാഴ്ച വൈകിട്ട് നാലുമണിവരെയാണ് പ്രദര്‍ശനം നിശ്ചയിച്ചതെങ്കിലും കാഴ്ചക്കാര്‍ ഏറിയതിനാല്‍ അഞ്ചരമണിവരെ നീട്ടി. അതിനു ശേഷം സ്ഥലത്തെത്തിയ നൂറുകണക്കിന് സന്ദര്‍ശകര്‍ക്ക് നിരാശയായിരുന്നു ഫലം.കപ്പല്‍ തിങ്കളാഴ്ച രാവിലെ തുറമുഖം വിടും

No comments: