ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പവാര്‍

Posted on: 06 Jan 2014 മുംബൈ: ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച എന്‍.സി.പി. നേതാവ് ശരദ് പവാര്‍ മാര്‍ച്ചില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചു. മുംബൈയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും പവാര്‍ പറഞ്ഞു. ലോക്‌സഭയില്‍ പാര്‍ട്ടിയുടെ അംഗബലം വര്‍ധിപ്പിക്കുന്നതിനാണ് ഇവരെ മത്സരത്തിനിറക്കുന്നത്. ശരദ് പവാര്‍ നിശ്ചയിക്കുന്നവര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സമ്മേളനത്തില്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ച കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സമ്മേളനത്തില്‍ പ്രസംഗിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. സീറ്റ് ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചാല്‍മാത്രമേ പ്രചാരണം ആരംഭിക്കാനാവുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലും സംസ്ഥാന ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലും പറഞ്ഞു. വിദ്യാഭ്യാസത്തിലും ജോലിയിലും മറാത്ത സംവരണത്തെ അനുകൂലിക്കുമ്പോള്‍ രാഷ്ട്രീയ സംവരണത്തെ അനുകൂലിക്കുന്നില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

No comments: