ബേപ്പൂരില്‍നിന്ന് പുറപ്പെട്ട് കാണാതായ ഉരു കണ്ടെത്തി

Posted on: 06 Jan 2014 ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തുനിന്ന് കഴിഞ്ഞ വ്യാഴാഴ്ച മിനിക്കോയ് ദ്വീപിലേക്ക് ചരക്കുമായി പുറപ്പെട്ടശേഷം കാണാതായ 'എം.എസ്സ്.വി. ബേത്തല്‍ ജീവ' എന്ന ഉരുവിനെ ആന്ത്രോത്തിനടുത്ത് കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം നടത്തിയ തിരച്ചിലിലാണ് ഫലം കണ്ടത്. കെട്ടിട നിര്‍മാണ വസ്തുക്കളുമായി ആറ് ജീവനക്കാരോടൊപ്പമാണ് ഈ ഉരു പുറപ്പെട്ടിരുന്നത്. ഉരുവിന്റെ യന്ത്രത്തകരാറുമൂലം നാലുദിവസം കടലില്‍ നിയന്ത്രണം വിട്ട് അലയുകയായിരുന്നു ജീവനക്കാര്‍. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം നടത്തിയ തിരച്ചിലിലാണ് ആന്ത്രോത്ത് ദ്വീപില്‍നിന്ന് 82 നോട്ടിക്കല്‍ നാഴിക അകലെ ഉരു നിയന്ത്രണംവിട്ട് ഒഴുകുന്ന നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മംഗലാപുരം തുറമുഖത്തുനിന്ന് ഉടന്‍ 'രാജദൂത്' എന്ന കോസ്റ്റ്ഗാര്‍ഡ് കപ്പന്‍ ഉരുവിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ ആന്ത്രോത്തിനടുത്ത് ഉരുവെ കണ്ടസ്ഥലത്തേക്ക് തിരിച്ചതായി ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. ഉരുവിലെ ജീവനക്കാരെല്ലാം ഇപ്പോള്‍ സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡ് വക്താവ് അറിയിച്ചു.

No comments: