അസ്ലാന്‍ഷാ ഹോക്കി കിരീടം ന്യൂസീലന്‍ഡിന്, ഇന്ത്യയ്ക്ക് വെങ്കലം...




ഇപ്പോ(മലേഷ്യ) : അഞ്ച് തവണ കിരീടം നേടിയിട്ടുള്ള ഇന്ത്യയ്ക്ക് ഇത്തവണത്തെ അസ്ലാന്‍ ഷാ കപ്പ് ഹോക്കിയില്‍ വെങ്കലം. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡ് കിരീടം നേടി. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂസീലന്‍ഡ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ന്യൂസീലന്റിന് വേണ്ടി ആന്‍ഡി ഹെവാര്‍ഡാണ് ഗോള്‍ നേടിയത്. ഒരു പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ആന്‍ഡി ഗോള്‍ നേടിയത്. ന്യൂസീലന്‍ഡിന്റെ കന്നി ഫൈനലായിരുന്നു ഇത്തവണത്തേത്. 

ശിവേന്ദ്രസിങ്, സന്ദീപ് സിങ്, തുഷാര്‍ ഖണ്ഡേക്കര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. കളി തുടങ്ങി അരമണിക്കൂറിനുള്ളില്‍ ഇംഗ്ലണ്ടാണ് ആദ്യ ഗോള്‍ നേടിയതെങ്കിലും പിന്നീട് തിരിച്ചടിക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി പാകിസ്താന്‍ അവസാന സ്ഥാനത്തെത്തി എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ആറു കളികളില്‍ നിന്ന് 12 പോയന്റു വീതം നേടിയ ന്യൂസീലന്‍ഡും അര്‍ജന്റീനയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയാണ് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 2008 ല്‍ ഇന്ത്യയെ ഫൈനലില്‍ തോല്പിച്ച് അര്‍ജന്റീന ജേതാക്കളായിരുന്നു.

No comments: