പ്രണബ് രാഷ്ട്രപതി പദത്തിലേക്ക്..

പ്രണബിനെ യു.പി.എ. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു 
തൃണമൂല്‍ ഒഴികെയുള്ള ഘടകകക്ഷികള്‍ ഒറ്റക്കെട്ട് ,
ഇടതു തീരുമാനവും അനുകൂലമായേക്കും...


ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ്മുഖര്‍ജി രാഷ്ട്രപതി പദത്തിലേക്ക്. 
പ്രണബിന്‍റെ സ്ഥാനാര്‍ഥിത്വം യു.പി.എ. വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. മമതയുടെ ചാഞ്ചാട്ടങ്ങള്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതിനാല്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പി.യും പ്രണബിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതോടെയാണ് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രണബ് മുഖര്‍ജിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ യു.പി.എ. ഘടകകക്ഷികളും പ്രണബിനു പിന്നില്‍ ഒറ്റക്കെട്ടാണ്. ആര്‍.ജെ.ഡി.യും അദ്ദേഹത്തിന് പിന്തുണ നല്‍കി. എന്‍.ഡി.എ. ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടതു നിലപാട് പ്രണബിന് അനുകൂലമാവാനുള്ള സാധ്യതയേറി.

മുലായത്തിന്‍റെയും മായാവതിയുടെയും പിന്തുണയോടെ 10.98 ലക്ഷത്തില്‍ 5.49 ലക്ഷമെന്ന വോട്ടുമൂല്യത്തിനടുത്ത് പ്രണബ് എത്തിക്കഴിഞ്ഞു. ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ ബാക്കി വേണ്ടിവരുന്ന വോട്ടും അദ്ദേഹം നേടുമെന്നുറപ്പായി. ബി.ജെ.പി. നേതാക്കളെ പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ട് പ്രണബിന് പിന്തുണ തേടിയിട്ടുണ്ട്.
മമത നിര്‍ദേശിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം മത്സരത്തിനില്ലെന്ന സൂചനയും പുറത്തുവന്നു. ജയലളിതയും നവീന്‍ പട്‌നായിക്കും പിന്തുണയ്ക്കുന്ന പി.എ. സാങ്മ മത്സരത്തില്‍ ഉറച്ചുനില്‍ക്കുമെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ എന്‍.സി.പി.യുടെ പിന്തുണ പ്രണബിനാണ്. സാങ്മയെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമം തുടരുന്നുമുണ്ട്..
രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഉപരാഷ്ട്രപതി പദത്തിനായി ധാരണയിലെത്താന്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. ശ്രമിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്.
പ്രണബിനെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോടും ഭരണനേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട് . എല്ലാ പാര്‍ട്ടികളോടും സഹകരണം അഭ്യര്‍ഥിച്ചതായി പ്രണബ് വ്യക്തമാക്കി. ബി.ജെ.പി. നേതാക്കളായ നിതിന്‍ഗഡ്കരി, എല്‍.കെ. അദ്വാനി, സുഷമാസ്വരാജ് എന്നിവരുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി പ്രണബിനെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്

യു.പി.എ.യില്‍ തൃണമൂല്‍ മാത്രമാണ് പ്രണബിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നത്. തൃണമൂല്‍ പ്രതിനിധികള്‍ യു.പി.എ. യോഗത്തില്‍ പങ്കെടുത്തില്ല. 
നാടകീയമായ രാഷ്ട്രീയനീക്കങ്ങള്‍ക്കൊടുവിലാണ് പ്രണബിനെ യു.പി.എ. രാഷ്ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പേര് പോലും ഒരു ഘട്ടത്തില്‍ മമതയും മുലായവും ചേര്‍ന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിന് ഉയര്‍ത്തിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ പ്രണബിന്റെ പേര് മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസ് ഏറെക്കുറെ തീരുമാനിച്ചിരുന്നു. മുലായത്തിന്‍റെ നിലപാട്മാറ്റത്തോടെയാണ് കോണ്‍ഗ്രസ് പ്രണബിനെ പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രണബും പ്രധാനമന്ത്രിയുടെ വസതിയിലെത്തി. തുടര്‍ന്നായിരുന്നു യു.പി.എ. കക്ഷിനേതാക്കളുടെ യോഗം. പ്രണബിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യോഗത്തില്‍ സോണിയ നിര്‍ദേശിച്ചു. തുടര്‍ന്ന് അവര്‍ കക്ഷിനേതാക്കളുടെ അഭിപ്രായം ആരാഞ്ഞു. ആദ്യം സംസാരിച്ച ശരദ് പവാര്‍ മുതല്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷി നേതാക്കളും പ്രണബിനെ പിന്തുണച്ചു.

No comments: