കേന്ദ്ര എന്‍ട്രന്‍സില്‍ നിന്ന് കേരളം വിട്ടുനില്‍ക്കും തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഏകീകൃത എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്ന് കേരളം വിട്ടുനില്‍ക്കും. ഇവിടെ വര്‍ഷങ്ങളായി നടന്നുവരുന്ന സംസ്ഥാന പ്രവേശന പ്പരീക്ഷ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം മറുപടി നല്‍കും. തമിഴ്‌നാട് അടക്കമുള്ള എട്ട്‌സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കാണ് പ്രവേശനം നടത്താന്‍ ഉദ്ദേശിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഏകീകൃത പരീക്ഷയില്‍ കേരളവും പങ്കാളിയാകണമെന്ന് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയം ഈയിടെ വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധ നിബന്ധനയല്ല. ദേശീയ ഏകീകൃത പരീക്ഷയില്‍ ചേരണമോയെന്ന കാര്യം അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

എന്‍ജിനീയറിങ് പ്രവേശനത്തിന് ഏകജാലകം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ തല പരീക്ഷ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുമ്പോള്‍ സംസ്ഥാന തല പരീക്ഷയാണ് മെച്ചം എന്ന വിലയിരുത്തലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനുള്ളത്.

സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യങ്ങള്‍ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി സിലബസിനെ അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കുന്നത്. എന്നാല്‍ ദേശീയ പ്രവേശനപ്പരീക്ഷയാകട്ടെ കേന്ദ്ര സിലബസുകളായ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ഏകീകൃത പരീക്ഷയിലേക്ക് മാറുന്നത് സംസ്ഥാന സിലബസ് പഠിക്കുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്ലസ് ടുവിന്റെ മാര്‍ക്കും പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കും തുല്യമായി പരിഗണിച്ചാണ് സംസ്ഥാനത്തിപ്പോള്‍ എന്‍ജിനീയറിങ് പ്രവേശനം നടത്തിവരുന്നത്.

ഒറ്റ പരീക്ഷയിലൂടെ തന്നെ രാജ്യത്തെ എല്ലാ കോളേജുകളിലേക്കും പ്രവേശനം നടത്തുന്നത് അശാസ്ത്രീയമാണെന്ന ചിന്തയും സംസ്ഥാനത്തിനുണ്ട്. പരീക്ഷയെഴുതുന്ന സമയത്തെ മാനസികാവസ്ഥയും മറ്റും പ്രധാനമായതിനാല്‍ ഒന്നിലധികം പരീക്ഷകള്‍ ഉള്ളതാണ് നല്ലത് എന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

പ്രവേശനപ്പരീക്ഷ ഒന്നാണെങ്കിലും അഡ്മിഷന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്താനുള്ള സൗകര്യമുണ്ടാകും. ഏകീകൃത മെറിറ്റ് ലിസ്റ്റ് വന്നാല്‍ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പ്രവേശനം കൂടുതലായി കിട്ടാന്‍ സാധ്യതയുണ്ടെന്ന വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ അതുപോലെ തന്നെ നമ്മുടെ കോളേജുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും വരും. ഏകീകൃത പരീക്ഷ സ്വീകരിച്ചാല്‍ മെഡിക്കല്‍ പ്രവേശനം പോലെ നിശ്ചിത ശതമാനം സീറ്റ് അഖിലേന്ത്യാ ക്വാട്ടയിലേക്ക് വകയിരുത്തുമെന്ന ആശങ്കയും സംസ്ഥാനത്തിനുണ്ട്.

ഗുണദോഷങ്ങള്‍ വിലയിരുത്തുമ്പോള്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ള പരീക്ഷയാണ് കേരളത്തിന് മെച്ചമെന്ന നിഗമനത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എത്തിയത്. ഈ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടന്‍ സമര്‍പ്പിക്കും. ക്യാബിനറ്റാണ് അന്തിമ തീരുമാനം എടുക്കുക.

സംസ്ഥാനത്ത് ആകെ 150 ഓളം എന്‍ജിനീയറിങ് കോളേജുകളാണ് നിലവിലുള്ളത്. 50000 ഓളം സീറ്റുകളും. ഇതില്‍ 110 കോളേജുകളും സ്വാശ്രയ മേഖലയിലാണ്. സ്വാശ്രയ മേഖലയില്‍ വര്‍ഷം തോറും 10 000 ഓളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ദേശീയ പരീക്ഷയാണ് മാനേജ്‌മെന്‍റുകള്‍ താത്പര്യപ്പെടുന്നത്.

സംസ്ഥാന എന്‍ട്രന്‍സിന്റെ റാങ്ക് പട്ടികയില്‍ സ്ഥാനം പിടിക്കണമെങ്കില്‍ ഒരു വിഷയത്തിന് 10 മാര്‍ക്കെങ്കിലും വേണമെന്ന് നിബന്ധനയുണ്ട്. കേന്ദ്ര പരീക്ഷയില്‍ എഴുതുന്ന എല്ലാവര്‍ക്കും റാങ്ക് കിട്ടും. മിനിമം യോഗ്യത നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ കേന്ദ്ര പരീക്ഷ സ്വീകരിച്ചാലും ഉദ്ദേശിക്കുന്ന ഫലം അതുകൊണ്ട് ഉണ്ടാകണമെന്നില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു

No comments: