ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍)

16/10/2013

ഇസ്ലാമിക നിയമ പ്രകാരം മുഅ്നിനെ സംബന്ധിച്ചെടുത്തോളം അവന് രണ്ട് ആഘോഷ സുദിനമാണുള്ളത്. ഈദുല്‍ ഫിത്വര്‍(ചെറിയ പെരുന്നാള്‍) ഈദുല്‍ അദ്ഹ(ബലി പെരുന്നാള്‍) എന്നിങ്ങനെയാണവ.  ഇബ്റാഹീം (അ) ത്യാഗനിര്‍ഭരമായ ജീവിതത്തിലേക്കും ക്ളേശപൂര്‍ണ്ണമായ അവസ്ഥാ രീതിയിലേക്കും ഭക്തസാന്ദ്രമായി കര്‍മ്മങ്ങളിലേക്കുമാണ് ബലി പെരുന്നാള്‍ വിരല്‍ ചൂണ്ടുന്നത്. സ്വന്തം പുത്രനെ ബലിയര്‍പ്പിക്കക്കാന്‍ ഇബ്റാഹീം നബി (അ)മിനോട് അല്ലാഹു ആജ്ഞാപിക്കുകയും യാതൊരുവൈമനസ്യവും കൂടാതെ പ്രപഞ്ചനാഥന്റെ കല്‍പനയെന്നോളം സ്വന്തം പിതാവിന്റെ മുന്നില്‍ സ്വബലികര്‍മ്മത്തിനായി ശിരസ്സാവഹിക്കുകയും ചെയ്ത കാര്യമാണ് ബലി പെരുന്നാളിന്റെ സന്ദേശം. അങ്ങനെ അരുമസന്താനത്തെ അറുക്കാന്‍ തുനിയുമ്പോഴാണ് ഒരു ആടിനെ ലഭ്യമാക്കിക്കൊണ്ട് അല്ലാഹു അറിയിച്ചത്."ഓ ഇബ്റാഹീം നിങ്ങള്‍ നിര്‍ദേശം പാലിച്ചിരിക്കുന്നു. ഇനി താങ്കളുടെ വീര പുത്രനെ അറുക്കേണ്ടതില്ല. പകരം ഈ ആടിനെ അറുത്ത് ദാനം ചെയ്യുക.'' ഇബ്റാഹീം നബി(അ) ആ ആജ്ഞ നിറവേറ്റി. ഈ സംഭവത്തെ അനുസ്മരിച്ച് കൊണ്ടാണ് സത്യവിശ്വസികള്‍ പെരുന്നാളിന് ബലികര്‍മ്മം നടത്തുന്നത്. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ ഒരുക്കമാണെന്ന ഇസ്മാഈല്‍ നബിയുടെ സന്ദേശം പ്രാവര്‍ത്തികമാക്കുകയാണ് ബിലകര്‍മ്മത്തിലൂടെ ലോകമുസ്ലിംകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

  പ്രവാചകര്‍ (സ) അരുളുന്നു."പെരുന്നാള്‍ ദിവസം ആദം സന്തതി രക്തം പൊഴിക്കല്‍(ഉദ്ഹിയത്ത് അറുക്കല്‍) നേക്കാള്‍ അല്ലാഹുവിലേക്ക് ഇഷ്ടപ്പെട്ട ഒരു സല്‍കര്‍മ്മവും ചെയ്തിട്ടില്ല. നിശ്ചയമായും അന്ത്യനാളില്‍ അറവു മൃഗത്തിന്റെ കൊമ്പുകളും നഖങ്ങളും രോമങ്ങളും കൊണ്ട് വരപ്പെടും'' ദുല്‍ഹിജ്ജ പത്താം ദിനത്തില്‍ സൂര്യപൊന്‍കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞ് രണ്ട് റക്അത്ത് നിസ്കരിക്കാനും ഖുത്ബ നിര്‍വഹിക്കാനും മതിയായത്ര സമയം കഴിഞ്ഞാല്‍ ബലികര്‍മ്മത്തിന് സമയമാകുന്നതാണ്. ദുല്‍ഹിജ്ജ പതിമൂന്നിന് സൂര്യന്‍ അസ്തമിക്കുന്നത് വരെ അത് നീണ്ട് നില്‍ക്കും. പ്രപഞ്ചനാഥന്‍ഉയര്‍ത്തെഴുന്നേല്‍പെന്നോണം ബലിപെരുന്നാള്‍ സുദിനത്തില്‍ ബലികര്‍മ്മം നടത്താനും കുടുംബ ബന്ധം പോലുള്ള  ഇരട്ടി പ്രതിഫലം ലഭിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടാന്‍ അനുഗ്രഹിക്കുകയും തൌഫീഖ് ചെയ്യുകയുമാറാകട്ടെ...


ആമീന്‍..,

No comments: