ലക്ഷദ്വീപ് കപ്പല്‍ പണിമുടക്ക്: ചര്‍ച്ച ഇന്ന്
Posted on: 08 Sep 2012


ബേപ്പൂര്‍: ലക്ഷദ്വീപ് കപ്പല്‍ ഓഫീസര്‍മാരുടെ പണിമുടക്ക് തീര്‍ക്കാന്‍ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച കൊച്ചിയില്‍ നടത്താനിരുന്ന യൂണിയനുകളുമായുള്ള ചര്‍ച്ച നടന്നില്ല. ലക്ഷദ്വീപില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്താത്തതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ എം.കെ. രാഘവന്‍ എം.പി. ഇടപെട്ടിട്ടുണ്ട്. എല്‍.ഡി.സി.യില്‍ ശനിയാഴ്ച രാവിലെ കപ്പല്‍ ഓഫീസര്‍മാരുടെ യൂണിയനുകളെ അദ്ദേഹം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പണിമുടക്കിയ കപ്പല്‍ ഓഫീസര്‍മാര്‍ വ്യാഴാഴ്ച ബേപ്പൂര്‍ തുറമുഖത്ത് ഉപരോധം നടത്തവേ ഐ.എന്‍.ടി.യു.സി. അഖിലേന്ത്യാ വര്‍ക്കിങ്കമ്മിറ്റി അംഗം എം.പി. പത്മനാഭനും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.കെ. ഗഫൂറും എം.പി.യുമായി ബന്ധപ്പെട്ട് സമരം തീര്‍ക്കാന്‍ കപ്പല്‍ ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിച്ചിരുന്നു. സെന്‍ട്രല്‍ ലേബര്‍ കമ്മീഷണര്‍ 17-ന് ചര്‍ച്ച നടത്താനിരിക്കേ എല്‍.ഡി.സി.യില്‍ നേരിട്ട് യൂണിയനുകളുമായി നടത്തുന്ന ചര്‍ച്ച ഫലപ്രദമാവുമോ എന്ന് കണ്ടറിയണം. കൊച്ചിയില്‍ നിന്നുള്ള ലക്ഷദ്വീപ് യാത്രാക്കപ്പലുകളും കൊച്ചിയിലും ബേപ്പൂരിലുമുള്ള ചരക്കുകപ്പലുകളും ഇപ്പോള്‍ പൂര്‍ണമായ പണിമുടക്കിലാണ്.

No comments: