കപ്പല്‍ ജീവനക്കാരുടെ സമരം: ചരക്ക് ഗതാഗതം സ്തംഭിച്ചു; ചര്‍ച്ച ഇന്ന്
Posted on: 08 Sep 2012


കൊച്ചി: കപ്പല്‍ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഐലന്‍ഡില്‍ നിന്നുളള ചരക്ക് ഗതാഗത നീക്കം തടസ്സപ്പെട്ടു. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന കപ്പലുകളിലെ ജീവനക്കാരാണ് സമരം നടത്തുന്നത്. ഈ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്‍ ജീവനക്കാരുമായി ശനിയാഴ്ച ചര്‍ച്ച നടത്തും. മര്‍ച്ചന്റ് നേവി ഓഫീസേഴ്‌സ് വെല്‍ഫെയര്‍ അസോയിയേഷന്റെയും സീഫെയേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഈ രണ്ട് സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്നിന് ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സൂചനാ പണിമുടക്ക് നടത്തിയ 90 ഓളം കപ്പല്‍ ജീവനക്കാരെയാണ് ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എല്‍ഡിസിഎല്‍)പിരിച്ചുവിട്ടത്. ചരക്ക് കപ്പല്‍, ഓയില്‍ ബാര്‍ജ് തുടങ്ങി വിവിധ ശ്രേണിയിലുള്ള കപ്പലുകളാണ് ഓപ്പറേറ്റ് ചെയ്യാന്‍ ജീവനക്കാരില്ലാതെ സര്‍വീസ് മുടങ്ങിരിക്കുന്നത്. എല്‍ഡിസിഎല്ലിന്റെ മാനേജിംഗ് ഡയറക്ടര്‍ സി.വി പാണ്ഡെയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചര്‍ച്ച നടന്നില്ല.

വന്‍കരയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ടു കിടക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ ഏക ആശ്രയമാണ് കപ്പല്‍ ഗതാഗതം. ജീവന്‍രക്ഷാ മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയുടെ വിതരണം തടസ്സപ്പെടും. കോര്‍പ്പറേഷന് വേണ്ടി കപ്പല്‍ സര്‍വീസ് നടത്തുന്ന മൂന്നു കരാറുകാരുടെ കീഴിലുളള ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതായി ആരോപണമുണ്ട്. വരുംദിവസങ്ങളില്‍ ദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ പൂര്‍ണമായി തടസ്സപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നു. രാജ്യാന്തര സര്‍വീസ് നടത്തുന്ന കപ്പലുകളിലെ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളം ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന അധികൃതരുടെ വാദം ശരിയല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എം.വി കവരത്തി , ലക്ഷദ്വീപ് സീ , അറേബ്യന്‍ സീ എന്നീ കപ്പലുകളാണ് കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത്. പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു

No comments: