ലക്ഷദ്വീപ്‌യാത്ര-ചരക്കുകപ്പല്‍ പണിമുടക്ക് അവസാനിച്ചു
Posted on: 09 Sep 2012


ബേപ്പൂര്‍: ലക്ഷദ്വീപ് കപ്പല്‍ പണിമുടക്ക് ഒത്തുതീര്‍ന്നു. എം.കെ. രാഘവന്‍ എം.പി.യുടെ ഇടപെടലിനെത്തുടര്‍ന്ന് മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (എം.എം.ഡി.) പ്രിന്‍സിപ്പല്‍ ഓഫീസര്‍ പി.എ. ശേഖറിന്റെ സാന്നിധ്യത്തില്‍ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായും കപ്പല്‍ ഓഫീസര്‍മാരുടെ സംഘടനകളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് ഒത്തുതീര്‍പ്പായത്.

പണിമുടക്കവസാനിച്ചതോടെ ഭാരത് സീമ എന്ന കപ്പല്‍ 386 യാത്രക്കാരുമായി ശനിയാഴ്ച ലക്ഷദ്വീപിലേക്ക് പുറപ്പെട്ടു. ബേപ്പൂര്‍ തുറമുഖത്ത് കഴിഞ്ഞ ആറുദിവസമായി കെട്ടിക്കിടക്കുന്ന എം.വി. ചെറിയം, എം.വി. തിനക്കര, എം.വി. ഉബൈദുള്ള എന്നീ ചരക്കുകപ്പലുകളും ഉടന്‍ ദ്വീപിലേക്ക് സര്‍വീസ് ആരംഭിക്കും.

ഡീസലും നിത്യോപയോഗ സാധനങ്ങളും കയറ്റിയ എം.വി. ചെറിയം ആദ്യം ദ്വീപിലേക്ക് യാത്രയാവുകയും തുടര്‍ന്ന് എം.വി. തിനക്കരയും ദ്വീപില്‍നിന്ന് എത്തിയ ംെ.വി. ഉബൈദുള്ളയില്‍നിന്ന്തുറമുഖത്ത് ചരക്ക് ഇറക്കിയശേഷം ദ്വീപിലേക്കുള്ള ചരക്കു കയറ്റാനുള്ള നടപടി സ്വീകരിക്കും. കൊച്ചി, ബേപ്പൂര്‍ തുറമുഖങ്ങളില്‍ നിന്നായി ദ്വീപുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന 24 കപ്പലുകളിലെ ഓഫീസര്‍മാരാണ് നിയമാനുസൃതമായ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി കഴിഞ്ഞ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തിയത്. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സമരം അടിച്ചമര്‍ത്താന്‍ നീക്കം നടത്തി എന്ന ആരോപണമുയര്‍ന്നതോടെ പണിമുടക്ക് പിന്നീട് അനിശ്ചിതമായി തുടരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എം.കെ. രാഘവന്‍ എം.പി. ദല്‍ഹിയില്‍ കപ്പല്‍ ഗതാഗത മന്ത്രി ജി.കെ.വാസനുമായി ചര്‍ച്ച നടത്തിയത്. മന്ത്രി വാസന്റെ കര്‍ശനമായ നിര്‍ദേശം വന്നതോടെ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫീസര്‍മാരുടെ സംഘടനകളായ സീഫെയേഴ്‌സ്‌കോഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും മര്‍ച്ചന്റ് നേവി ഓഫീസേഴ്‌സ് അസോസിയേഷനുമായും ശനിയാഴ്ച ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

ഒത്തുതീര്‍പ്പു വ്യവസ്ഥപ്രകാരം കപ്പലുകളില്‍നിന്ന് പിരിച്ചുവിട്ട എല്ലാ ഓഫീസര്‍മാരേയും തിരിച്ചെടുത്തിട്ടുണ്ട്. പ്രതികാരനടപടികള്‍ അവസാനിപ്പിക്കും. മാരിടൈം യൂണിയന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ച ശമ്പളവേതന വ്യവസ്ഥകള്‍ കപ്പലിലെ ഒഫീസര്‍മാര്‍ക്ക് നടപ്പാക്കും.

കപ്പല്‍ ഓഫീസര്‍മാരോട് കാണിച്ച നീതിപൂര്‍വമല്ലാത്ത നടപടിയില്‍ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചതായി കപ്പല്‍ ഓഫീസര്‍മാരുടെ സംഘടനാനേതാക്കള്‍ പറഞ്ഞു.

ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എം.എം.ഡി. സര്‍വേയര്‍ സെന്തില്‍, എല്‍.ഡി.സി. എന്‍. മാനേജിങ് ഡയറക്ടര്‍ വി.സി. പാണ്ഡെ, എല്‍.ഡി.സി. എല്‍. ജനറല്‍ മാനേജര്‍ കമഡോര്‍ അലക്‌സ് തോമസ് തുടങ്ങിയവരും സീഫെഴേസ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ വര്‍ക്കിങ് പ്രസിഡന്റ് ക്യാപ്റ്റന്‍ ജോസ് ഗ്രെയിനന്‍, ജനറല്‍ സെക്രട്ടറി കെ.എസ്സ്, ബിജു, ബി.എം. എസ്. നേതാവ് ഉണ്ണികൃഷ്ണന്‍, മര്‍ച്ചന്റ് നേവി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രതീഷ് ചിതംബരം, ജനറല്‍ സെക്രട്ടറി ഗിരീഷ് രാജ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

No comments: