തൊഴിലാളി സമരം തീര്ന്നു തുറമുഖം സജീവമാകുന്നു

ബേപ്പൂര്‍: കയറ്റിറക്കു തൊഴിലാളികളുടെ സമരം തീര്‍ന്നതോടെ ബേപ്പൂര്‍ തുറമുഖം സജീവമാവുന്നു. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി അടഞ്ഞുകിടന്നിരുന്ന തുറമുഖത്തുനിന്ന് കപ്പലുകളിലേക്ക് ചരക്ക് നീക്കമാരംഭിച്ചു. ഡീസലും പച്ചക്കറികളുമായി 'എം.വി. തിനക്കര' എന്ന കപ്പല്‍ കഴിഞ്ഞ ദിവസം ലക്ഷദ്വീപിലേക്ക് തിരിച്ചു. ബുധനാഴ്ച എത്തിയ എം.വി. മിനിക്കോയ് എന്ന യാത്രക്കപ്പല്‍ 150 ദ്വീപ് യാത്രികരുമായി വെള്ളിയാഴ്ച തുറമുഖം വിട്ടു. വ്യാഴാഴ്ച എത്തിയ ഹൈസ്​പീഡ് ക്രാഫ്റ്റ് ആയ 'ചെറിയപാനി' ശനിയാഴ്ച യാത്രക്കാരുമായി ദ്വീപിലേക്ക് തിരിക്കും. ബേപ്പൂര്‍ തുറമുഖത്ത് വിരളമായി എത്താറുള്ള ഈ അതിവേഗ കപ്പലില്‍ ആറ് മണിക്കൂര്‍കൊണ്ട് ആന്ത്രോത്ത് ദ്വീപിലെത്താം. ശാന്തമായ കാലാവസ്ഥയില്‍ മാത്രം ബേപ്പൂര്‍ - ലക്ഷദ്വീപ് സര്‍വീസ് നടത്തുന്ന ചെറിയപാനി സ്ഥിരമായി ബേപ്പൂര്‍ തുറമുഖത്തേക്ക് സര്‍വീസ് നടത്താന്‍ ആലോചിക്കുന്നുണ്ട്. ദ്വീപിലേക്ക് ചരക്കുമായി പോകാന്‍ യന്ത്രവത്കൃത ഉരുക്കള്‍ ധാരാളമായി ബേപ്പൂരിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്.

കപ്പലുകളില്‍ ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കുന്നവരുടെ ബാഗേജുകള്‍ തുറമുഖ ഗേറ്റില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ദ്വീപില്‍ നിന്നെത്തുന്നവരുടെ ബാഗേജുകളും പരിശോധിക്കുന്നുണ്ട്. തുറമുഖത്തെ എമിഗ്രേഷന്‍ പരിശോധന ഐ.ബി. ഏറ്റെടുത്തതോടെ കപ്പലില്‍
ദ്വീപിലേക്കു പോകുന്ന യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. ഒരു യാത്രക്കാരന് 100 കിലോഗ്രാംവരെ സാധനങ്ങളേ കപ്പലില്‍ കൊണ്ടുപോവാന്‍ അനുവാദമുള്ളൂ. ദ്വീപിലേക്ക് അനധികൃതമായി മദ്യവും പെട്രോളും മറ്റും കപ്പലില്‍ കടത്തിയത് അധികൃതര്‍ മുന്‍പ് പലതവണ പിടികൂടിയിരുന്നു. പരിശോധനാസംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തുറമുഖ ഗേറ്റിന്നരികെ പ്രത്യേക പരിശോധനാ ഹാള്‍ സജ്ജീകരിച്ചുവരികയാണ്. മെറ്റല്‍ ഡിറ്റക്ടര്‍, എക്‌സ്‌റേ തുടങ്ങിയ സംവിധാനങ്ങളും അടുത്തുതന്നെ നടപ്പാക്കുമെന്ന് തുറമുഖവക്താവ് പറഞ്ഞു

No comments: