ബേപ്പൂര്‍ തുറമുഖത്ത് വീണ്ടും ചരക്കുനീക്കം സ്തംഭിച്ചു
Posted on: 21 Oct 2012




ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്ത് ചരക്കുനീക്കം വീണ്ടും സ്തംഭിച്ചു. തൊഴിലാളികള്‍ ചരക്ക് കയറ്റി പാതിയാക്കിയിരുന്ന രണ്ട് ഉരുക്കളില്‍ ശനിയാഴ്ച ജോലി തുടരാനെത്തിയപ്പോഴാണ് തടസ്സമുണ്ടായത്.

കയറ്റിറക്കുമതി ജോലി ചെയ്യിപ്പിക്കുന്ന ഏജന്റുമാര്‍ ചരക്കുകയറ്റാന്‍ അനുവദിക്കാതിരുന്നതാണ് ചരക്കുനീക്കം സ്തംഭിച്ചതിന്റെ കാരണമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കളും തൊഴിലാളികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന കൂലി നല്‍കാത്തതിനാല്‍ ചരക്ക് കയറ്റാതിരുന്നതിനാലാണ് സ്തംഭനമുണ്ടായതെന്ന് ഏജന്റുമാരും പറയുന്നു. തുറമുഖത്ത് കപ്പലുകളിലും ഉരുക്കളിലും ചരക്ക് കയറ്റുന്നതിന് ഏജന്റുമാര്‍ നിസ്സഹകരിക്കുന്നതായി തുറമുഖത്തെ മൂന്ന് തൊഴിലാളി യൂണിയനുകളും പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഏബ്രഹാം വി. കുര്യാക്കോസിന് പരാതി നല്‍കി.

തുറമുഖത്തെ തൊഴിലാളികള്‍ക്ക് കയറ്റിറക്കുകൂലി പരിഷ്‌കരിച്ചും 32 ശതമാനം കൂലിവര്‍ധന അനുവദിച്ചും പത്തുദിവസം മുമ്പ് ഒത്തുതീര്‍പ്പ് ഉണ്ടായിരുന്നു. പത്തുദിവസത്തോളം നീണ്ടുനിന്ന 'അപ്രഖ്യാപിത' പണിമുടക്കിനെത്തുടര്‍ന്ന് റീജ്യണല്‍ ജോ. ലേബര്‍ കമ്മീഷണര്‍ ഇ. വേണുവിന്റെയും ജില്ലാ ലേബര്‍ ഓഫീസര്‍ മാധവന്റെയും സാന്നിധ്യത്തിലാണ് പണിമുടക്ക് ഒത്തുതീര്‍ന്നത്. പണിമുടക്ക് അവസാനിച്ചിട്ടും രണ്ടു ഡസനോളം ചരക്കുകള്‍ക്ക് നേരത്തേ നിശ്ചയിച്ചിരുന്ന കൂലിനിരക്ക് പരിഷ്‌കരിക്കുകയുണ്ടായില്ലെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു. തുറമുഖത്തെ കീഴ്‌വഴക്കമനുസരിച്ച് വ്യത്യസ്ത ഇനം ചരക്കുകള്‍ക്ക് മൊത്തത്തിലുള്ള കൂലിവര്‍ധനയ്ക്കുപുറമെ വേറെ കൂലി ലഭിക്കാറുണ്ട്. ഇത് നല്‍കാത്തതിനാല്‍ പണിമുടക്ക് തീര്‍ന്നിട്ടും കയറ്റിറക്കുമതി ചെയ്യിപ്പിക്കുന്നവര്‍ ബോളര്‍, കട്ടില്‍ മുതലായ ഭാരമേറിയ വസ്തുക്കള്‍ തൊഴിലാളികളോട് കപ്പലുകളില്‍ കയറ്റാന്‍ പറയുമ്പോള്‍ പ്രത്യേകം കൂലി ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നും തൊഴില്‍വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പില്‍ എല്ലാ തര്‍ക്കവും തീര്‍ന്നതാണെന്നും കയറ്റുമതി ഏജന്റുമാരും പറയുന്നു.

ഏതായാലും ഫലത്തില്‍ തുറമുഖം തൊഴില്‍ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. പോര്‍ട്ട് ഓഫീസര്‍ തിങ്കളാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തുമെന്നാണ് അറിയുന്നത്. ചരക്കുകയറ്റിയ രണ്ട് കപ്പലുകള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് പോയതില്‍ പിന്നെ കയറ്റുമതി നടന്നിട്ടില്ല. 22 ഉരുക്കള്‍ ചരക്ക് കയറ്റാനായി തുറമുഖത്ത് കാത്തുകിടക്കുകയാണ്. മണല്‍, ഫര്‍ണിച്ചര്‍, സിമന്റ്, കല്ല്, ഡീസല്‍, പച്ചക്കറി ഉള്‍പ്പെടെ ലക്ഷദ്വീപിലേക്കുള്ള നിത്യോപയോഗസാധനങ്ങള്‍ എന്നിവ ബേപ്പൂര്‍ തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്

No comments: