സമാധാനപരമായ ഹജ്ജിന് പൂര്‍ണസജ്ജം-ആഭ്യന്തരമന്ത്രി

മക്ക: സമാധാനപരവും സുഗമവുമായ ഹജ്ജിനു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി ആഭ്യന്തരമന്ത്രി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍അസീസ് അറിയിച്ചു. ഹജ്ജിനുവേണ്ടി വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ തയാറെടുപ്പുകള്‍ പരിശോധിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിനു വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിച്ചേരുന്ന അല്ലാഹുവിന്‍െറ അതിഥികള്‍ക്ക് വിവേചനരഹിതമായ സൗകര്യമാണ് രാജ്യം ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹജ്ജിനിടയില്‍ സമാധാനഭംഗമുണ്ടാക്കുന്ന തരത്തിലുള്ള ഭീഷണിയൊന്നും നിലവിലില്ലെന്നും അത്തരത്തിലുള്ള ഒരു ശ്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും അമീര്‍ പറഞ്ഞു. ഇറാന്‍െറ ഭാഗത്തുനിന്നു വല്ല ഭീഷണിയുമുണ്ടോ എന്ന ചോദ്യത്തിന് ആ രാജ്യത്തുനിന്നുള്ള തീര്‍ഥാടകര്‍ വളരെ നല്ല നിലയിലാണ് കഴിയുന്നതെന്ന് അദ്ദേഹം പ്രത്യാശിച്ചു. എല്ലാ തീര്‍ഥാടകരെയും ഞങ്ങള്‍ ഒരുപോലെയാണ് കാണുന്നത്. ഏതെങ്കിലും ഒരു വിഭാഗമോ നാട്ടുകാരോ രാഷ്ട്രീയലക്ഷ്യം നേടാനോ അഭിപ്രായഭേദം പ്രകടിപ്പിക്കാനോ ഉള്ള അവസരമായി ഹജ്ജിനെ കാണുകയില്ലെന്നാണ് വിശ്വാസം. ഹാജിമാര്‍ വരുന്നത് ദൈവപ്രീതി കാംക്ഷിച്ച് അവരുടെ ബാധ്യത നിറവേറ്റാനാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സിറിയന്‍ പ്രതിസീന്ധി അടക്കമുള്ള നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങളൊന്നും ഇവിടെ പ്രതിഫലിക്കില്ല എന്നാണ് കരുതുന്നത്-അമീര്‍ പറഞ്ഞു

No comments: