കക്കൂസില്ലാത്ത വീട്ടിലെ പയ്യനുമായി കല്യാണം വേണ്ടെന്ന് സ്ത്രീകളോട് മന്ത്രി ജയറാം രമേഷ്
Posted on: 22 Oct 2012
കോട്ട: കക്കൂസുകളില്ലാത്ത വീട്ടില്‍ നിന്നുള്ള കല്യാണാലോചന നിരസിക്കാന്‍ സ്ത്രീകള്‍ക്ക് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷിന്റെ ഉപദേശം.

രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം ഖജൂരി ഗ്രാമത്തില്‍ നാട്ടുകാരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 'കക്കൂസില്ലെങ്കില്‍ പെണ്ണില്ല' എന്ന മുദ്രാവാക്യം സ്വീകരിക്കാനും മന്ത്രി ഗ്രാമീണരെ ഉപദേശിച്ചു. രാജ്യത്ത് ക്ഷേത്രങ്ങളേക്കാള്‍ കൂടുതല്‍ ആവശ്യം കക്കൂസുകളാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. രാജ്യത്തെ 53 ശതമാനം വീടുകളിലും ഇപ്പോഴും കക്കൂസുകളില്ലെന്നാണ് കണക്കാക്കുന്നത്.

''കല്യാണത്തിന് മുമ്പ് രാഹുവിന്റെയും കേതുവിന്റെയും സ്ഥാനം നിങ്ങള്‍ നോക്കാറുണ്ട്. ഇനി കല്യാണം നിശ്ചയിക്കും മുമ്പ് വരന്റെ വീട്ടില്‍ കക്കൂസുണ്ടോയെന്നും അന്വേഷിക്കണം''-അദ്ദേഹം പറഞ്ഞു. ശുചിത്വം സ്ത്രീകളുടെ സുരക്ഷയുടെയും അന്തസ്സിന്റെയും പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി മധ്യപ്രദേശിലെ അനിത നരെ എന്ന യുവതിയുടെ കക്കൂസിനായുള്ള പോരാട്ടവും പരാമര്‍ശിച്ചു. കക്കൂസില്ലാത്തതിനാല്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭര്‍ത്തൃ വീടുപേക്ഷിച്ചായിരുന്നു അനിതയുടെ പ്രതിഷേധം.

പൊതുസ്ഥലത്തെ മലവിസര്‍ജ്ജനത്തിനെതിരേയുള്ള നിര്‍മല്‍ ഭാരത് അഭിയാന്‍ ജനകീയ പ്രസ്ഥാനമായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. അതിനിടെ ക്ഷേത്രങ്ങള്‍ക്കെതിരെ മന്ത്രി പ്രസ്താവനനടത്തിയെന്നാരോപിച്ച് ഹൈന്ദവ സംഘടനകള്‍ അദ്ദേഹത്തിന് സംസ്ഥാനത്ത് പലയിടത്തും കരിങ്കൊടി കാണിച്ചു

No comments: