ഗാസയില്‍ ആക്രമണം തുടരുന്നു; മരണം 98 ആയി
ഗാസ സിറ്റി: പലസ്തീന്‍ പ്രദേശമായ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച 23 പേര്‍ കൊല്ലപ്പെട്ടതോടെ ആറു ദിവസത്തെ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 98 ആയി. പാര്‍പ്പിടമേഖലകളിലും തെരുവുകളിലുമൊക്കെ ബോംബുകളും മിസൈലുകളും പതിച്ച് സാധാരണക്കാര്‍ക്ക് ജീവഹാനിയുണ്ടാവുന്നു. അഭയാര്‍ഥിക്യാമ്പിനുനേരേയും ആക്രമണമുണ്ടായി.

ഗാസയില്‍ ഭരണം നടത്തുന്ന പോരാട്ട സംഘടനയായ ഹമാസിന്റെ ഔദ്യോഗിക ചാനലായ അല്‍ അഖ്‌സ ടെലിവിഷനുള്‍പ്പെടെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശുരൂഖ് സമുച്ചയത്തിനുനേരേ തിങ്കളാഴ്ചയും വ്യോമാക്രമണുണ്ടായി. ഇവിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടാവുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഒരാള്‍ മരിച്ചു. ഇയാള്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പലസ്തീന്‍ പോരാട്ടപ്രസ്ഥാനമായ 'ഇസ്‌ലാമിക് ജിഹാദ്' പിന്നീട് അറിയിച്ചതായി പാശ്ചാത്യ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ അഖ്‌സ ടെലിവിഷന്റെ നിയന്ത്രണം പിടിച്ചെടുത്ത് മുന്നറിയിപ്പ് സന്ദേശങ്ങള്‍ സംപ്രേഷണം ചെയ്തുതുടങ്ങിയതായി ഇസ്രായേല്‍ അറിയിച്ചു.

നുസൈരത്ത് അഭയാര്‍ഥിക്യാമ്പിനുനേരേയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ ഗാസയിലെ ശെയ്തുണ്‍ ജനവാസകേന്ദ്രത്തില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പട്ടണമായ ഖാന്‍ യൂനിസില്‍ മിസൈല്‍ പതിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഖരാര പ്രദേശത്തെ ആക്രമണത്തില്‍ രണ്ടുകര്‍ഷകര്‍ മരിച്ചതായി ആസ്​പത്രി വൃത്തങ്ങള്‍ പറഞ്ഞു.

അതിനിടെ, പലസ്തീന്‍ സംഘടനകളായ ഫത്തായും ഹമാസും ശത്രുത അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. വെസ്റ്റ് ബാങ്കിലെ രാമള്ളയില്‍ തിങ്കളാഴ്ച നടന്ന ഐക്യദാര്‍ഢ്യപ്രകടനത്തില്‍ സംസാരിക്കവേ ഫത്താ നേതാവ് ജിബ്രില്‍ റജൂബാണ് ഹമാസുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാക്കളും വേദിയിലുണ്ടായിരുന്നു.

ഫത്താ നേതൃത്വത്തിലുള്ള പലസ്തീന്‍ അതോറിറ്റി വെസ്റ്റ് ബാങ്കിലും ഹമാസ് ഗാസയിലുമാണ് ഭരണം നിയന്ത്രിക്കുന്നത്. ഇസ്രായേലുമായി സന്ധിക്കു ശ്രമിക്കുമെന്നും എന്നാല്‍, ആറുവര്‍ഷമായി ഗാസയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം അവര്‍ പിന്‍വലിക്കണമെന്നും ഹമാസ് മേധാവി ഖാലിദ് മെഷാല്‍ പറഞ്ഞു.

No comments: